---
title: "സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം"
english_title: "No Vande Mataram Directive In Kerala Schools On Independence Day, Says Education"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378551/ kerala-schools-independence-day-national-anthem-vande-mataram"
published_at: "2026-08-14T18:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7f0d95ea393_kerala-schools-independence-day-national-anthem-vande-mataram.jpg"
keywords: ["Independence Day", "Vande Mataram", "Kerala Education Department"]
---

# സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം പരാമർശിച്ചിട്ടില്ല.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം പരാമർശിച്ചിട്ടില്ല.

ദേശീയഗാനം ആലപിക്കണമെന്ന നിർദേശം മാത്രമാണ് സർക്കുലറിൽ ഉള്ളത്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം പുറപ്പെടുവിച്ചത്.

നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിർദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സർക്കാരിന് അത്തരം നിലപാടുകളില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തിൽ അറിയാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനും യുഡിഎഫിനും ഒരു നയമുണ്ട്.

കോൺഗ്രസും ഇൻഡ്യ മുന്നണിയും ദേശീയതലത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.

**English Summary:**

The Kerala General Education Department's circular for Independence Day celebrations in schools mandates singing the National Anthem and following the green protocol, but makes no mention of Vande Mataram. The directive follows the protocol officer's circular. Earlier, the Chief Secretary had asked that Vande Mataram be sung at official events, which the CM clarified was only a communication of the Centre's directive. The CM also said the government's and Congress-UDF's stand on Vande Mataram would be clear on Independence Day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378551/ kerala-schools-independence-day-national-anthem-vande-mataram)